തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമനിരോധന നിയമം – സിനിമ മേഖലയിൽ
“പുരുഷ മേൽനോട്ടമില്ലാത്ത സ്ത്രീസൗഹാർദ്ദമാണ് ഫെമിനിസത്തിന്റെ കാതൽ.”

നീതിക്കായി നിയമങ്ങൾ ഉണ്ടാക്കിയെടുക്കുകയും നിയമത്തിനപ്പുറം നീതി തേടുകയും ചെയ്യുന്ന പ്രക്രിയയിലാണിന്ന് ലോകത്താകമാനമുള്ള സ്ത്രീകൾ. കാൽ നൂറ്റാണ്ട് മുമ്പ് രാജസ്ഥാനിലെ ബൻവാരിയിലൂടെ ഊർജ്ജം ഉണർത്തിയ സ്ത്രീനീതി മനീഷ വാല്മീകിയിലെത്തുമ്പോഴും നില നിൽക്കാൻ ഇടം തിരയുകയാണ്. സ്വന്തം ഇടം ഏതാണ് ? ചെയ്യേണ്ട തൊഴിലെന്താണ്? സുരക്ഷിതത്വം വീടിനുള്ളിലോ പുറത്തോ ? എന്നിങ്ങനെ ഒടുങ്ങാത്ത ചോദ്യങ്ങളുമായി അലയുകയാണ് സ്ത്രീകൾ. 1992 ൽ ബൻവാരിയിൽ നിന്ന് തുടങ്ങിയ, സ്ത്രീകളുടെ സുരക്ഷിതത്വത്തിനായുള്ള പോരാട്ടം 2013 ൽ “തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്ന നിയമത്തിൽ എത്തി. വിശാഖ കേസെന്ന് അറിയപ്പെട്ട നീണ്ട നിയമ പോരാട്ടത്തിന്റെ നേട്ടമാണത്. താഴ്ന്ന ജാതിയിൽ പെട്ട ബൻവാരിയുടെ വിട്ടു വീഴ്ചയില്ലാത്തതും നിർഭയവുമായ പോരാട്ടമാണ് മൊത്തം സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചതെന്നത് ശ്രദ്ധേയമാണ്.
അധഃസ്ഥിതാവസ്ഥയിൽ നിന്നുള്ള മോചനത്തിനും, അഭിമാനത്തോടെയും അവകാശത്തോടെയും നിലയുറപ്പിക്കാനുമായുള്ള സ്ത്രീകളുടെ ഐക്യപ്പെടൽ ആരംഭിച്ചത് അതിനും എത്രയോ മുമ്പാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും സ്ത്രീകൾ ഒരേ പോലെ അരക്ഷിതരാണെന്ന തിരിച്ചറിവ് വ്യാപകമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഒരു ആശയത്തിന്റെയോ ഒരു വ്യക്തിയുടെയോ പിന്നിൽ അണി നിരക്കുന്നതിന് ബദലായി, വ്യത്യസ്തരായ സ്ത്രീകൾ അവരവർ നിലയുറപ്പിച്ചിട്ടുള്ള അതാതിടങ്ങളിൽ നിന്ന് കണ്ണി ചേർന്ന് കരുത്താർജ്ജിക്കുന്നതാണ് സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ സവിശേഷത. ജാതിയും വർണ്ണവും പോലെയുള്ള നീച വ്യവസ്ഥകളാൽ കെട്ടു പിണഞ്ഞ് അദൃശ്യവും സങ്കീര്ണവുമാകു ന്ന സ്ത്രീ അവസ്ഥകളെക്കുറിച്ചുള്ള ബോദ്ധ്യവും സ്ത്രീപ്രസ്ഥാനങ്ങൾക്കുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾ ഉയർത്തുന്ന പ്രതിരോധവും, ജാതിവെറിക്കെതിരായ ദളിത് സ്ത്രീകളുടെ ശബ്ദവും ആഗോളമായ സ്ത്രീസാഹോദര്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പുകളും തമ്മിൽ ഐക്യദാർഢ്യപ്പെടുകയും വിയോജിപ്പുകൾ അടി വരയിടുകയും ചെയ്യുന്നതാണ് സ്ത്രീമുന്നേറ്റത്തിന്റെ ശക്തി.
എൺപതുകളിൽ കേരളത്തിലുണ്ടായ നവ സ്ത്രീ വിമോചനപ്രസ്ഥാനം അക്കാലത്ത് തന്നെ സിനിമയിൽ സ്ത്രീകൾ സഹിക്കുന്ന ശ്വാസം മുട്ടലിനെ പറ്റി സംസാരിക്കുകയും അവിടെ സ്ത്രീകൾ സംഘടിക്കുന്നത് ആഗ്രഹിക്കുകയും ചെയ്തിരുന്നു. മറ്റു പുരോഗമന പ്രസ്ഥാനങ്ങളിൽ നിന്ന് സ്വയം വിഛേദിച്ച് കൊണ്ട് സ്ത്രീകളെ സാമൂഹ്യമായി രൂപപ്പെട്ട ഒരു ഗണമായി തിരിച്ചറിഞ്ഞ് സ്വതന്ത്രമായി സഘടിക്കുകയാണ് ഈ പ്രസ്ഥാനം ചെയ്തത്. അംഗ ബലത്തേക്കാൾ ആശയ ദാർഢ്യം കൊണ്ടാണ് അത് സമൂഹത്തിൽ പ്രതിഷ്ഠ നേടിയത്. സിനിമ പോലെ വ്യത്യസ്ത മേഖലകളിലും ഒറ്റക്കും കൂട്ടായും സ്ത്രീകൾ നടത്തുന്ന ആത്മാഭിമാനസമരങ്ങൾ ഇത് തന്നെയാണ് പിന്തുടരുന്നത്. സ്ത്രീപ്രസ്ഥാനങ്ങൾ എപ്പോഴും പരമ്പരാഗതമായ ഒരു അധികാരഘടന വച്ച് പുലർത്താറില്ല. അധികാരകേന്ദ്രങ്ങളോട് ശക്തമായി ഏറ്റു മുട്ടേണ്ടി വരുന്ന സന്ദര്ഭങ്ങളില് മാത്രമാണ് അത് വേണ്ടി വരുന്നത്. വ്യക്തമായ നിലപാടിൽ നിന്നും വൈകാരികമായ ഊർജ്ജത്തിൽ നിന്നും സ്ത്രീകൾ സന്ദർഭോചിതമായി ഐക്യപ്പെടുകയാണ് ചെയ്യുന്നത്. അത് കൊണ്ട് എപ്പോൾ വേണമെങ്കിലും ഘടന രൂപപ്പെടും. അത് മുകളിൽ നിന്ന് അടിച്ചെല്പിക്കേണ്ടതില്ല. സ്ത്രീകളുടെ ഉറക്കെയുള്ള ശബ്ദം, കൂട്ടായ ശബ്ദം അധികാര കേന്ദ്രങ്ങളെ കൂടുതൽ ബാദ്ധ്യസ്ഥവും പ്രതിബദ്ധവുമാക്കും. അത് നിർണ്ണായക സാന്ദ്രത(Critical mass)യിലെത്തുമ്പോൾ പഴയ ഘടനകൾ പൊളിയുകയും പുതിയവ രൂപപ്പെടുകയും ചെയ്യും. നിർഭയ കേസ് ക്രിമിനൽ ലാ അമെന്റ്‌മെന്റിലേക്ക് നയിക്കപ്പെട്ടത് അങ്ങനെയാണ്
സാധാരണ സ്ത്രീ പ്രസ്ഥാനങ്ങളിലുള്ളവർ നിരന്തരം നേരിടേണ്ടി വരുന്ന ഒരു ചോദ്യം ഇപ്പോൾ സംഘടന ഇല്ലേ, പ്രവർത്തനങ്ങൾ ഇല്ലേ എന്നുള്ളതാണ്. അടിച്ചുറപ്പിക്കുന്ന ഘടന പുരുഷാധിപത്യസംസ്കാരത്തിന്റേതാണ്. കൂടുതൽ മാനവികവും സ്ത്രീസൗഹാർദ്ദപരവുമായ ഘടനകൾ സ്വയം രൂപപ്പെടുന്നതും ക്രമേണ ഏണി പോലെയുള്ള ഘടനകളെ തുടച്ചു നീക്കാൻ ബലം ആർജ്ജിക്കുന്നതുമായിരിക്കും. വിയോജിപ്പുകൾ അടയാളപ്പെടുത്താനും അവ ചർച്ച ചെയ്യാനും വിയോജിപ്പിൽ തുടരാനും വീണ്ടും ഐക്യപ്പെടാനും ഒക്കെയുള്ള തുറന്ന ഘടനയാണ് സ്ത്രീപ്രസ്ഥാനം പിന്തുടരുന്നത്.
2017 ൽ വിമന് ഇൻ സിനിമ കളക്ടീവ് രൂപപ്പെടുമ്പോഴേക്കും ഈ സ്ത്രീപ്രസ്ഥാനത്തിന്റെ സവിശേഷതകൾ അവർക്ക് ആവിഷ്കരിക്കാൻ കഴിഞ്ഞു. അനിവാര്യമായ ഒരു സന്ദർഭത്തിലാണ് WCC രൂപപ്പെടുന്നത്. കാലങ്ങളായി യാതൊരു വിധ ചോദ്യങ്ങളുമില്ലാതെ നില നിർത്തിയിരുന്ന ഒരു തരം മാടമ്പി സംസ്കാരം അതിന്റെ ജീർണ്ണതയുടെ ഉച്ചിയിലെത്തി നിലം പൊത്തുന്ന പോലത്തെ അവസ്ഥയാണ് കാണാൻ കഴിഞ്ഞത്. സ്ത്രീകളെ എങ്ങനെയും കൈകാര്യം ചെയ്യാമെന്ന ധാരണ പരക്കെ ഉണ്ടായിരുന്നിരിക്കണം. മുമ്പ് എത്രയോ ഉന്നതരായ നടികൾ ആത്മഹത്യയിലേക്കെത്തി ചേർന്നു ? സ്ത്രീകളിൽ അഭിമാനം വളരുന്ന കാര്യം അറിയുകയോ അവർ പറയുന്നത് മനസ്സിലാക്കാനുള്ള മിനിമം ബോധം വളർത്തിയെടുക്കുകയോ ചെയ്യാത്ത ആൾക്കാരാണ് ഇപ്പോഴും ഈ മേഖലയിൽ ആധിപത്യം പുലർത്തി കൊണ്ടിരിക്കുന്നത്. ആണുങ്ങൾ ചെയ്യുന്ന വൃത്തികേടിന്റെ അപമാനം സ്ത്രീകൾ ചുമക്കേണ്ടി വരുന്ന വിരോധാഭാസം എന്നും സ്ത്രീകൾ ഏറ്റെടുത്തു നടക്കുമെന്ന വിചാരത്തിനേറ്റ അടിയായിരുന്നു സിനിമയിലെ സ്ത്രീകളുടെ ഉയിർത്തെഴുന്നേൽപ്പും തുടർന്ന് രൂപപ്പെട്ട WCC യും . സാമ്പത്തികമായോ തൊഴിൽ പരമായോ സാമൂഹ്യമായോ ഉണ്ടാകുന്ന ഒരു നഷ്ടങ്ങളും വക വെക്കാതെ കുറച്ച് സിനിമാ നടിമാർ, സിനിമയിൽ ജോലി ചെയ്യുന്ന മറ്റ് സ്ത്രീകൾക്ക് കൂടി ശബ്ദമാകുന്നത് സ്ത്രീപ്രസ്ഥാനങ്ങൾക്ക് അഭിമാനകരമായ അനുഭവമായിരുന്നു. ഇന്ത്യയിൽ തന്നെ ഇങ്ങനെയൊരു മൂവ് ആദ്യമായിട്ടാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരെയും അത് പ്രചോദിപ്പിച്ചിട്ടുണ്ട്. അതിപ്പോഴും അവർ തുടർന്ന് കൊണ്ട് പോകുന്നത് കാണുമ്പോൾ സ്ത്രീ പ്രസ്ഥാനത്തിനാകമാനം പ്രതീക്ഷയാണ്. എത്ര ആർജ്ജവത്തോടെയാണ് കുറച്ച് പേരേയുള്ളു എങ്കിലും, പാർവ്വതിയും, രമ്യയും റിമയുമെല്ലാം നിലപാടെടുത്തു കൊണ്ട് ഫെമിനിസ്റ്റ് ധാർമ്മികതയും സഖ്യവും പങ്കിടുന്നത്. നേരത്തെ തന്നെ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന ബാക്കിയെല്ലാവരും അവരവരുടെ നിലപാടുകളിൽ നിന്ന് സംവാദങ്ങളിലൂടെ ഉരുക്കിയെടുക്കുന്ന ഉറപ്പാണ്, ജീർണ്ണിച്ചതെങ്കിലും പന്തലിച്ചു കിടക്കുന്ന മാടമ്പി സംസ്കാരത്തെ കുടഞ്ഞു കളയാൻ പ്രാപ്തിയുണ്ടാക്കുന്നത്.
കൃത്യമായ സന്ദര്ഭത്തിലുള്ള രൂപപ്പെടൽ, അയവോടെയുള്ള ഘടനയും ആശയപരമായ ഐക്യദാർഢ്യവും, വ്യത്യസ്ത നിലപാടുകളോടുള്ള പരസ്പര ബഹുമാനം ഇവയൊക്കെ WCC യുടെ സവിശേഷതകളായി ഞാൻ മനസ്സിലാക്കുന്നു. ഘടനയെ കുറിച്ച് സൂചിപ്പിച്ചത് എന്താണെന്ന് വച്ചാൽ , സ്ത്രീ പക്ഷ നിയമങ്ങൾ കൊണ്ട് വരുമ്പോൾ സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് കൂടി നീളുന്ന ഘടനാപരമായ മാറ്റങ്ങൾ നമ്മുടെ ഉള്ളിലുണ്ടാവണം എന്നത് കൊണ്ടാണ്. നിലവിലുള്ള നിയമ നടപ്പാക്കലുകളുടെ ബാഹ്യസ്വാധീനങ്ങളെ മനസ്സിലാക്കിയും അവയെ കുലുക്കിയും ചിലപ്പോൾ പിഴുതെറിഞ്ഞും ചിലപ്പോൾ പരാജയപ്പെട്ടും പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചും ഒക്കെയാണ് മുന്നോട്ടു പോകാനുള്ളത്. വിനോദ വ്യവസായമെന്ന, പടർന്ന് പന്തലിച്ച വലിയൊരു മണ്ഡലത്തിൽ പെടുന്ന ഒന്നാണ് സിനിമ. ജാതിപരമായ വേർതിരിവ് പോലെ വ്യത്യസ്തമായി അടിച്ചമർത്തപ്പെട്ട സ്ഥലങ്ങളിൽ നിന്ന് വരുന്ന, വിവിധ തരം തൊഴിലിൽ ഏർപ്പെടുന്നവർ ഈ മേഖലയിലുമുണ്ട്. ഈ ഒരു ബോദ്ധ്യവും കളക്ടീവിനെ ആർജ്ജവമുള്ളതാക്കുന്നു. തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഒരു പ്രധാന അജണ്ടയാകുമ്പോൾ അത് ഈ മേഖലയിലെ എല്ലാ സ്ത്രീകൾക്കും ഒരു പോലെ ആവശ്യമുള്ളതാണ്.
2013ൽ ഇന്ത്യ ഗവണ്മെന്റ് കൊണ്ട് വന്ന തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാനുള്ള നിയമം സിനിമാ മേഖലയിൽ പറ്റില്ല എന്ന് ആർക്കെങ്കിലും കരുതാനാവുമെങ്കിൽ അത് ജീർണ്ണതക്കുമപ്പുറത്ത് സാമാന്യ ബുദ്ധിയില്ലായ്മ കൂടിയാണ്. അല്ലെങ്കിൽ ഈ നിയമം എന്താണെന്ന് അറിയാൻ പോലും കൂട്ടാക്കുന്നില്ല. തീർച്ചയായും നടപ്പാക്കുന്നതിന് ഇന്നത്തെ സമൂഹത്തിൽ ഒട്ടേറെ വെല്ലുവിളികളുണ്ട്. എന്നാൽ, എല്ലായിടത്തും ഇതുണ്ടാവണമെന്ന് അസ ന്ദിഗ്ധമായി നിയമത്തിൽ പറയുന്നു.
“ഭരണഘടന ഉറപ്പ് നൽകിയിട്ടുള്ള മൗലികാവകാശങ്ങളുടെ അർത്ഥവും ഉള്ളടക്കവും ലിംഗപരമായ സമത്വത്തിന്റെ എല്ലാ വശങ്ങളെയും ഉൾക്കൊള്ളാൻ പര്യാപ്തമാണ്.” എന്ന് ജസ്റ്റിസ് വർമ്മ പറയുന്നുണ്ട്. ഇന്ത്യയുടെ ഭരണഘടനക്കനുസൃതമായും “കണ്വെൻഷൻ റ്റു എലിമിനേറ് ആൾ ഡിസ്ക്രിമിനേഷൻ എഗൈൻസ്റ് വിമന് (CEDAW) “എന്ന അന്താരാഷ്‌ട്ര ഉടമ്പടിയെ പിന്തുടർന്നുമാണ് 2013 ലെ നിയമം . വിശാഖ കേസ് തുടങ്ങി പല സംഭവങ്ങളും സ്ത്രീ പ്രസ്ഥാനങ്ങൾ പിന്തുടരുകയും രേഖപ്പെടുത്തുകയും അത് നിയമ മാറ്റത്തിനായി സമർപ്പിക്കുകയും ചെയ്തതിന്റെ ഫലമാണത്. ലൈംഗികാതിക്രമം ഇന്ത്യയിൽ എവിടെ നടന്നാലും അത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. നിയമത്തിന് മുന്നിൽ പൗരർക്കുള്ള തുല്യാവകാശം (Article 14), ലിംഗപദവി ഉൾപ്പെടെ എല്ലാ വിവേചനങ്ങൾക്കും എതിരായ അവകാശം (Article 15), മൗലികസ്വാതന്ത്ര്യം (Article 19), അന്തസ്സോടെ ജീവിക്കാനുള്ള അവകാശം (Article 21) എന്നിവയെല്ലാം തന്നെ, പാരമ്പര്യത്തിന് വിരുദ്ധമായി കുടുംബത്തിനു പുറത്ത് സ്ത്രീകൾക്ക് സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന പണിയെടുക്കാനുള്ള അവകാശം കൂടിയാണ് ഉറപ്പ് ചെയ്യുന്നത്. ലൈംഗീകാതിക്രമങ്ങളിൽ നിന്ന് മുക്തി നേടുകയെന്നത് ഇതിന്റെ മുന്നുപാധിയാണ്. ശീലങ്ങളും മൂല്യങ്ങളും മാറ്റാത്തിടത്തോളം തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം പുരുഷന്മാർക്ക് നൽകുന്നത് ലൈംഗികമായ ആഡംബരവും ആധിക്യവുമാണ്. ഇത് മാറ്റിയെടുക്കുക എന്നത് അവകാശങ്ങൾ അനുഭവിക്കുന്ന എല്ലാ പൗരരുടെയും ഉത്തരവാദിത്വം കൂടിയാണ്. തൊഴിൽ ചെയ്യുന്നിടത്ത് നീതിപൂർവമായ അന്തരീക്ഷം ഉണ്ടാക്കാൻ ആവശ്യമായ നിയമങ്ങളും നടപടികളും നിർമ്മിച്ചെടുക്കാൻ ആർട്ടിക്കിൾ 42 അനുശാസിക്കുന്നുണ്ട്. ലൈംഗികാതിക്രമം, ഭരണ ഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന തിരിച്ചറിവിന്റെ പ്രയോഗതല പരിഹാരമാണ് വിശാഖ ഗയിഡ് ലൈനിലൂടെയും പിന്നീട് നിയമത്തിലൂടെയും കണ്ടത്. അത് തൊഴിലിടങ്ങളിൽ പ്രാവർത്തികമാക്കുന്നതിന് ഓരോ സ്ഥലങ്ങളിലും നിതാന്ത പരിശ്രമം ആവശ്യമാണ്. നിയമം വ്യവഹാരത്തിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ. തൊഴിലിടങ്ങളിലെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ അത് വ്യക്തമാകും.

സ്ത്രീകളെ സംബന്ധിച്ച് എന്താണ് തൊഴിൽ? എന്താണ് തൊഴിലിടം? എന്നതിലൊക്കെ അവ്യക്തത നിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ത്രീകൾ ചെയ്യുന്ന പല ജോലികളും ജോലിയായി കാണുന്നില്ല. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 20-25 ശതമാനം മാത്രം ജോലി ചെയ്യുമ്പോൾ യഥാർത്ഥത്തിൽ 85 ശതമാനം സ്ത്രീകളും എന്തെങ്കിലും ജോലി ചെയ്യുന്നവരാണ്.
ആരാണ് തൊഴിലെടുക്കുന്നവൾ? സ്ത്രീകളുടെ സ്വയം തിരിച്ചറിവ് ഇതിൽ പ്രധാനമാണ്. സാമൂഹ്യമായ സ്വന്തം അസ്തിത്വം ചിലപ്പോൾ സ്ത്രീകൾ തിരിച്ചറിയുന്നില്ല. എന്നാൽ, അവരും സമൂഹത്തിന് വേണ്ടിയാണ് എല്ലാ പണിയും ചെയ്യുന്നത്. കുടുംബത്തിലേത് പോലും. ആരാണ് തൊഴിൽ ദാതാവ് ? അത് എല്ലാ മേഖലയിലും വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം ഗവണ്മെന്റ് ഏറ്റെടുക്കണം. തൊഴിലിന്റെ നിയന്ത്രണം കയ്യിലുണ്ടാവുകയും അതിൽ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നവർ നേരിട്ട് തൊഴിൽ ദാതാവല്ലെങ്കിൽ പോലും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കുന്നതിൽ തൊഴിൽ ദാതാക്കൾ മുൻ കയ്യെടുക്കേണ്ടതുണ്ട്. കമ്മിറ്റികൾ ഉണ്ടോ എന്ന പരിശോധിക്കുക, വേണ്ട അവബോധം തൊഴിൽ ചെയ്യുന്നവരിലുണ്ടാക്കുക, കാലാകാലങ്ങളിൽ ഇവയുടെ പ്രവർത്തനങ്ങളെ പറ്റിയും അവയുണ്ടാക്കുന്ന ഫലങ്ങളെ പറ്റിയും റിപ്പോർട്ട് തയാറാക്കുക എന്നതും അവർ ചെയ്യേണ്ടതാണ്.
തൊഴിലിനും ലൈംഗികാതിക്രമത്തിനും നിർവചനം കൊണ്ട് വരാൻ വിശാഖ വിധിക്കു കഴിഞ്ഞു. പരിഹാരത്തിനായി സ്ഥാപനവും നടപടികളും കൊണ്ട് വരുകയും ഉത്തരവാദിത്വം വ്യക്തികളുടെ ചുമലിൽ നിന്ന് സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഈ നിയമ പ്രകാരം തെളിവ് കൊണ്ട് വരാനുള്ള ബാദ്ധ്യത കുറ്റാരോപിതനാണ്.
സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എന്തും, അത് ലൈംഗികച്ചുവയുള്ള നോട്ടമോ പദപ്രയോഗമോ ആയാൽ പോലും അത് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി സ്ഥലത്ത് അവൾക്കുണ്ടാകുന്ന ഭീഷണികളെയും സമ്മർദ്ദങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. പരാതി പരിഹാര കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ത്രീയാകണമെന്നും അംഗങ്ങളിൽ പകുതിയിലധികം പേരും സ്ത്രീകളാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും സ്വയം തൊഴിൽ ചെയ്യുന്നവരിലും സന്നദ്ധപ്രവർത്തനങ്ങളിലും കരാറിൽ ജോലി ചെയ്യുന്നവർ, ട്രെയിനികൾ, വിദ്യാർത്ഥിനികൾ എന്നവരിലുമെല്ലാം ഇത് ബാധകമാക്കിയിട്ടുണ്ട്. തൊഴിലിനായി സന്ദർശിക്കുന്ന സ്ഥലങ്ങളും യാത്രാ വഴികളും തൊഴിലിടത്തിൽ പെടും. കായിക വിനോദം, കലാപ്രവർത്തനങ്ങൾ എന്നതെല്ലാം ഇതിൽ പെടുമെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്.
ലൈംഗികാതിക്രമം എന്താണെന്നും പലർക്കും മനസ്സിലാകുന്നില്ല. ഞങ്ങൾ പ്രേമത്തോടെ നൽകുന്ന ലാളനകൾ എങ്ങനെ അതിക്രമമാകുമെന്നാണ് സംശയം. സ്ത്രീകളെ സ്വതന്ത്ര വ്യക്തികളായല്ലാതെ , ഏതെങ്കിലും ആണിന്റെ അനുബന്ധമായി മാത്രം കരുതുന്നത് കൊണ്ടാണ് സമ്മതം എന്ന സംഗതിക്ക് യാതൊരു വിലയുമില്ലാത്തത്. ആരുടെ അനുബന്ധമാണെന്നതിൽ മാത്രമാണ് തർക്കമുള്ളത്. ലൈംഗികാതിക്രമത്തിന് വ്യത്യസ്ത നിർവചനങ്ങൾ വേണ്ടിവരും. അവ വീണ്ടും വീണ്ടും പുതുക്കേണ്ടതായും വരും. അത് കടന്നു പിടിക്കൽ, ശരീര ദ്രോഹം എന്നിവ മാത്രമല്ല, പരസ്പര പ്രേമത്തോടെയും സമ്മതത്തോടെയും അല്ലാത്ത വാക്കുകളോ നോട്ടമോ കൂടിയാണെന്ന് മനസ്സിലാക്കണം. സമ്മതമെന്നത് പറഞ്ഞാലും പറഞ്ഞാലും മനസ്സിലാകാത്ത കാര്യമാണ്. മൗനം സമ്മതമല്ലെന്നും, നോ പറഞ്ഞില്ലെങ്കിലും സമ്മതം തന്നിട്ടില്ലെന്നും തിരിച്ചറിയാനാവാത്ത വിധം ആണത്തം തള്ളി വരുകയാണ് പല സന്ദർഭങ്ങളിലും . പിന്നീട് ചുറ്റുമുള്ളവരുടെ മുഴുവൻ ന്യായീകരണങ്ങളും ഇതുറപ്പിക്കാനാണ്. പല മേഖലകളിലും ഇത് നില നിൽക്കുന്നെങ്കിലും, പരാതിപ്പെട്ടിട്ട് വലിയ കാര്യമെങ്കിലും, പരാതി സ്വീകരിക്കാൻ ഒരാളുണ്ടാവും. സിനിമാ മേഖലയിൽ അതില്ലെന്ന് മാത്രമല്ല, അവിടേക്ക് വരുന്ന സ്ത്രീകൾ സമ്മതം മുമ്പേ തന്നെ എറിഞ്ഞ് തന്നിട്ടാണ് വരുന്നതെന്ന ധാരണ കൂടി നില നിൽക്കുന്നുണ്ട്.
സ്ത്രീ പക്ഷ നിയമങ്ങൾ ഘടനാപരമായ മാറ്റങ്ങൾ കൂടി കൊണ്ട് വരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. കടുത്ത ശിക്ഷ എന്നതിനേക്കാൾ സാംസ്കാരികമാറ്റമാവണം ഇതിന്റെ പരിണിതി. ഇളകാത്തതെന്നതിനേക്കാൾ , അയവുള്ളതും എന്നാൽ ബലമുള്ളതുമായ ഘടന. ആശയ കൈമാറ്റത്തിലൂടെ ഉറപ്പ് കൈവരിക്കുന്നതും, നിരന്തരം നിരീക്ഷിച്ചും ചർച്ച ചെയ്തും മാറ്റാവുന്നതുമായ ഘടന. നിയമ പരിഹാര കമ്മിറ്റി തൊഴിലിടത്തിൽ തന്നെ സ്ഥാപിക്കുകയാണിത് ചെയ്യുന്നത്. അത് പരാതിക്കാർക്ക് അലഞ്ഞു തിരിയാൻ ഇട വരുത്താതിരിക്കാനും എളുപ്പത്തിൽ പ്രാപ്യമാക്കാനും വേണ്ടിയാണ്. എന്നാൽ, ഉള്ളിലെ അധികാരതാൽപ്പര്യം ബാധിക്കാതിരിക്കാനായി, യോഗ്യതയുള്ള ഒരു ബാഹ്യ അംഗത്തെ ഇതിൽ ഉൾപ്പെടുത്തണമെന്ന നിർബ്ബന്ധവുമുണ്ട്.
നേരെ ശിക്ഷക്ക് പോകുന്നതിന് പകരം പ്രതിക്ക് തെറ്റു മനസിലാക്കി മാപ്പപേക്ഷിക്കാനും മനം മാറ്റത്തിനും ഒത്തു തീർപ്പിനും നടപടിക്രമത്തിന്റെ ഭാഗമായി തന്നെ ഇത് അവസരം നൽകുന്നുണ്ട്. എന്നാൽ, ഈ മാറ്റമുണ്ടാകാത്ത പക്ഷം ശിക്ഷക്ക് നിർദേശം കൊടുക്കുകയും ചെയ്യാം. തികച്ചും സ്ത്രീസൗഹാർദ്ദപരമായും ജനാധിപത്യപരമായും നീതി ന്യായ ഘടനയിൽ വരുന്ന മാറ്റം കൂടിയാണിത്.
ഈ നിയമം തൊഴിൽ ചെയ്യുന്ന എല്ലാ സ്ത്രീകൾക്കുമുള്ളതാണ്. സിനിമ എന്നത് സ്ത്രീകൾ വളരെ വൈവിദ്ധ്യമാർന്ന ജോലികൾ ചെയ്യുന്ന വ്യവസായമാണ്. പുരുഷ മേൽ കോയ്മയുള്ള, സ്ത്രീകളെ നന്നായി ചൂഷണം ചെയ്യുന്ന ഇടമാണ് സിനിമ എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. എല്ലാ സ്ത്രീകൾക്കും ഇത് ഉറക്കെ വിളിച്ച് പറയാൻ കഴിയുന്നില്ല എന്നത് കൊണ്ട് മാത്രം അവരുടെ അവകാശം ഇല്ലാതാകുന്നില്ല. മീ ടൂ ക്യാംപയിൻ തുടങ്ങിയത് സിനിമാ രംഗത്തു നിന്നായിരുന്നല്ലോ . വളരെ മുതിർന്ന, ഉന്നത നിലയിലുള്ളവർ പോലും വർഷങ്ങളായി കൊണ്ട് നടന്ന അസ്വസ്ഥതകൾ പുറത്ത് പറയാൻ തുടങ്ങി. സ്ത്രീകളുടെ ഉള്ളിൽ നിന്നും ശക്തി പുറത്തേക്ക് ഒഴുകി ഐക്യ ദാർഢ്യമായി മാറുകയാണ്. ഒരാൾ പുറത്ത് പ്രശ്നം കൊണ്ട് വരുകയും മറ്റുള്ളവരുമായി പങ്ക് വക്കുകയും ചെയ്യുമ്പോൾ അനുഭവിക്കുന്ന വൈകാരികാനുഭവം രാഷ്ട്രീയവും കൂടിയാണ്. അങ്ങനെ വ്യക്തിപരമായത് കൂട്ടായ്മയുടെ ശക്തിയാകുന്നു. അനീതി അനുഭവിച്ച വ്യക്തിയുടെ അവകാശവാദത്തിന് കൂടുതൽ അംഗീകാരം കിട്ടുകയും ചെയ്യുന്നു. സിനിമയിലും അത്തരമൊരു അനിവാര്യമായ സന്ദർഭത്തിന്റെ സൃഷ്ടിയാണ് കളക്ടീവ്.
സ്ത്രീകൾ തൊഴിൽ ചെയ്യുന്നത് അംഗീകരിക്കാത്ത ഒരു സമൂഹത്തിൽ തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ ആരും കേൾക്കില്ല. സ്ത്രീകളുടെ പുറത്തുള്ള ജോലി വിലയില്ലാത്തതായി കരുതുന്നത് മൂലം തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമത്തെക്കുറിച്ച് അവർക്ക് മിണ്ടാൻ പറ്റാതെയാകുന്നു. നൃത്തവും മറ്റു ആനന്ദസേവനങ്ങളും മതങ്ങളിലൂടെയും ആചാരങ്ങളിലൂടെയും സ്ത്രീകളുടെ കടമയായി നില നിർത്തിയിരുന്നതിനാൽ, അവ തൊഴിലായി കണക്കാക്കാൻ പൊതുവെ വൈമുഖ്യം കാണാം. ഈ മേഖലകളിൽ പലപ്പോഴും കടന്നുകയറ്റമാണോ സ്വാഭാവികമായ പെരുമാറ്റമാണോ എന്ന് തിരിച്ചറിയാനും പ്രയാസമുണ്ടാകും. സ്ത്രീ ശരീരം തന്നെ ആനന്ദോപാധിയാക്കുന്ന തരത്തിലാണ് കലയും സംസ്കാരവും വിളങ്ങിയിരുന്നത്. അതിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ പൊതുവെ പുരുഷസമൂഹത്തിന് കഴിയുന്നുമില്ല. ഒറ്റക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾ അവരുടെ തന്നെ കുഴപ്പം കൊണ്ടാണോ അതുണ്ടായത് എന്ന് സ്വയം സംശയിക്കുന്ന തരത്തിൽ കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്. പുറത്ത് പറഞ്ഞാൽ പിന്തുണ കിട്ടാനുള്ള യാതൊരു അന്തരീക്ഷവും സ്ഥാപനങ്ങളിലോ പൊതുവിടത്തിലോ ഇല്ല. മീ റ്റു(Me Too) ക്യാംപയിനു ശേഷം വർഷങ്ങൾക്ക് മുൻപ് പറയാൻ കഴിയാതെ പോയ സംഭവങ്ങൾ സ്ത്രീകൾ പറയാൻ മുതിരുന്നത്, അത്രത്തോളം അവർ അസ്വസ്ഥരായി ജീവിച്ചത് കൊണ്ടാണ്. പോലീസും ജുഡീഷ്യറിയും മറ്റ് അധികാരകേന്ദ്രങ്ങളും ഇതിൽ നിന്ന് മുക്തമല്ല. പല സ്ത്രീകളും ഒറ്റക്ക് വില കൊടുത്ത് പല സംഭവങ്ങളും പുറത്ത് കൊണ്ട് വരുകയും പരസ്പരം ചേര്ത്ത് പിടിക്കുകയും ഉണ്ടായി. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് കൊണ്ട് മറ്റു പലയിടത്തും അത് ആവർത്തിക്കപ്പെടുന്നു. ഇത്തരം ഒറ്റപ്പെട്ട ചേര്ത്ത് നിൽപ്പുകൾ കൂട്ടായ ബോധമായി ഉരുത്തിരിയുമ്പോഴാണ് ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകുന്നത്. ഏകാന്തമായ തുരുത്തുകളിൽ നിന്ന് പുറത്തേക്കു കടക്കാൻ ആഹ്വാനം ചെയ്യുന്നതും , വ്യക്തിയും സ്ത്രീസമൂഹവും തമ്മിലുള്ള അതിര് വരമ്പ് മായ്ക്കുന്നതുമാണ് സ്ത്രീപക്ഷരാഷ്ട്രീയം. സ്ത്രീകൾ ഉള്ളിലെ ശക്തി തിരിച്ചറിയുകയും അത് പങ്ക് വക്കപ്പെടുകയും ചെയ്യുന്നത് വഴി സംഘടനകൾ രൂപപ്പെടുന്നു.
സിനിമയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും ഇതേ അവസ്ഥ തന്നെയാണ് നില നിൽക്കുന്നത്. പൊതു മേഖലയിൽ മാത്രമാണ് നിയമത്തിനനുസരിച്ച് കംപ്ലെയിന്റ് കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അത് തന്നെ എല്ലായിടത്തുമില്ല. ഉള്ളയിടത്ത് തന്നെ സ്ത്രീകൾക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ല. അറിഞ്ഞാൽ തന്നെ വെല്ലുവിളികൾ ഏറെയാണ്.
വെല്ലുവിളികൾ
കമ്മിറ്റി ഉണ്ടായിട്ടും ആരും പരാതി കൊണ്ട് വരാത്തതെന്താണ്? ഒന്ന്, ഇതിനെ കുറിച്ച് അറിയാത്തതാണ്. രണ്ട്, സ്ത്രീകളുടെ വ്യക്തിപരവും തൊഴിൽ പരവും സാമൂഹ്യവുമായ ബന്ധങ്ങൾ അധികാര ബന്ധങ്ങളുമായി ഇഴ ചേർന്ന് ഒട്ടും അനുകൂല സാഹചര്യമുണ്ടാക്കുന്നില്ല. സ്ത്രീ, ലൈംഗികത, ലൈംഗികാതിക്രമം, തൊഴിൽ, തൊഴിലിടം എന്നിവയെല്ലാം തന്നെ പുരുഷകേന്ദ്രിത സങ്കൽപ്പനങ്ങളാൽ ചുറ്റി വരിഞ്ഞു കിടക്കുന്നതു കൊണ്ട്, അവ ഇഴ പിരിച്ചെടുക്കുകയും പുതിയവ നിർമ്മിക്കുകയുമൊക്കെ നിരന്തരം നിയമ പരിപാലനത്തിൽ ആവശ്യമായി വരുന്നു. സ്ത്രീകൾ ബലാൽസംഗം ക്ഷണിച്ചു വരുത്തുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്ന കഥകൾ നില നിൽക്കുന്നിടത്ത്, തൊഴിൽ സ്ഥലത്ത് സ്ത്രീകളെ കാണുമ്പോൾ അവരുടെ സൗന്ദര്യം പുകഴ്ത്തുന്നത് തങ്ങളുടെ ആൺ ധർമ്മമാണെന്നു കരുതുന്നിടത്ത്, പഠനത്തിനോ, ജോലിക്കോ ആയി കീഴ് ജോലി ചെയ്യുന്ന പെണ്ണുങ്ങൾ സ്വന്തം ഉടമസ്ഥതയിലുള്ള ലൈംഗികവസ്തുക്കളാണെന്ന ആൺ ബോധം ഉറച്ച് പോയിടത്ത്, നിയമം കൊണ്ട് വരുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് എത്രയും ദുഷ്കരമാണെന്ന് സ്ത്രീകൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.
സ്ത്രീകൾ തൊഴിലെടുക്കുന്നത് തൊഴിലായി കാണാതിരിക്കുന്നതാണ് പൊതു മനോഭാവം. തൊഴിലെടുക്കുന്നെങ്കിൽ തന്നെ വീട്ടിലെ പുരുഷനേക്കാൾ പദവി കുറഞ്ഞ തൊഴിൽ മാത്രമാണ് സ്ത്രീക്കായി വിഭാവനം ചെയ്തിട്ടുള്ളത്. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ അദ്ധ്വാന ചൂഷണത്തോടൊപ്പം ലൈംഗിക സേവനം കൂടിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുറത്തെ തൊഴിൽ സ്ത്രീക്ക് പറഞ്ഞിട്ടുള്ളതല്ലാത്തതിനാൽ തൊഴിലിനു പോകുന്ന സ്ത്രീകളുടെ ഉള്ളിലും ഒരു കുറ്റബോധം ഒളിഞ്ഞിരിക്കും. ഈ ബോധം കാരണമാണ് നിയമമുണ്ടായിട്ടും തൊഴിലിടങ്ങളിൽ നീതി നടപ്പാക്കാൻ കഴിയാതെ വരുന്നത്. കൃത്യമായ ഘടനയോട് കൂടിയ തൊഴിലുകളുടെ കാര്യം അങ്ങനെയാകുമ്പോൾ അസംഘടിത മേഖലയിലും സിനിമ പോലെ തൊഴിൽ ദാതാവ് മാറി വരുന്ന ഇടങ്ങളിലും ഇത് കൂടുതൽ ദുര്ഘടമാകും. സാംസ്കാരിക ഘടനയാണ് ഇവിടെ മാറ്റി മറിക്കേണ്ടി വരുന്നത്.
പലപ്പോഴും കടുത്ത ശിക്ഷയെ കുറിച്ചുള്ള ഭയമാണ് പരാതി നല്കുന്നവരെയും കുറ്റക്കാരുടെ അടുത്ത ആൾക്കാരെയും ഇത് എങ്ങനെ എങ്കിലും ഇല്ലാതാക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, അത് തുറന്ന് സമ്മതിച്ച് മാപ്പപേക്ഷിക്കാൻ ചുറ്റുമുള്ളവരിൽ നിന്ന് പ്രേരണ ഉണ്ടാകുന്നില്ല. അതിന് ഇന്നത്തെ ആണത്ത ജീവിതം അനുവദിക്കുന്നില്ല എന്നതാണ്. കേസ് അട്ടിമറിക്കൽ ചെയ്യാനാണ് കൂടുതൽ സാഹചര്യമുള്ളത്. സ്ത്രീകൾക്ക് തന്നെ ഇത് മനസ്സിലാകാത്തതിനാലും പുരുഷാധിപത്യത്തിന് കീഴടങ്ങി ജീവിച്ച ശീലത്തിൽ നിന്ന് വിടാൻ എളുപ്പമല്ലാത്തതിനാലും അവർ സ്വയം പിന് വലിയുന്നു. സ്ഥാപനത്തിലെ കൂടുതൽ സ്ത്രീകളും കുറ്റവാളിയെ പിന്തുണക്കുകയോ മിണ്ടാതിരിക്കുകയോ ചെയ്യുന്നതായാണ് കാണുന്നത്. സ്ത്രീകൾ തൊഴിലെടുക്കുമ്പോഴും അത് അസംഘടിത മേഖലയിലായതു കൊണ്ടും സ്ഥിരവരുമാനമില്ലാത്തതു കൊണ്ടും കുറഞ്ഞ വേതനം കിട്ടുന്നത് കൊണ്ടും സ്വതന്ത്ര ജീവിതം സാദ്ധ്യമാകുന്നുമില്ല. സ്ത്രീകളെ ഇങ്ങനെ അധ:സ്ഥിതരായി നില നിർത്തുന്ന ആൺ ബോധത്തിൽ ബന്ധുക്കളായ പുരുഷന്മാരും അബോധ തലത്തിൽ പങ്ക് വഹിക്കുന്നുണ്ട്. പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെ പല വിധ പ്രതിരോധ തന്ത്രങ്ങളാണ് കൊണ്ട് വരുന്നത്. അവൾ മോശക്കാരിയാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് സാധാരണ കാണുന്നത്. കുറ്റക്കാരെ കേൾക്കാൻ വിളിക്കുമ്പോൾ അവർ ചോദ്യങ്ങൾക്കുത്തരം തരുന്നതിന് പകരം പരാതിക്കാരിയുടെ സ്വഭാവ ദൂഷ്യം വിവരിക്കുന്നത് സാധാരണമാണ്. ചിലർ അതിനുള്ള തെളിവുകൾ ശേഖരിച്ചായിരിക്കും വരുന്നത്. ഏതൊരു കുറ്റവാളിക്കും സ്ത്രീയുടെ ചാരിത്ര്യത്തിന് മേൽ പോലീസ് ചമയാമെന്നതാണ് നമ്മുടെ സംസ്കാരം. പ്രാദേശികതലത്തിലുള്ള രാഷ്ട്രീയ പാർട്ടിയിലെയും ജോലി സ്ഥലത്തെ യും എല്ലാ തട്ടിലുമുള്ള പുരുഷന്മാർ, വീട്ടുകാർ, പോലീസ്, ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലുള്ളവർ, അധികാരികൾ, തുടങ്ങി വിവിധ കോണുകളിൽ നിന്നും പരാതി പിന് വലിക്കാനുള്ള സമ്മർദ്ദമുണ്ടാവുന്നു.
തൊഴിൽ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് അവർ എത്തപെടുന്നത്. ചിലർക്ക് ജീവനു പോലും ഭീഷണി നേരിടുന്ന തരത്തിൽ പ്രശ്നമുണ്ടാകും. ഇത് മാറ്റിയെടുക്കുക കൂടി ഇതോടൊപ്പം ആവശ്യമാണ്. നിയമം നിലവിൽ വന്നിട്ടുണ്ടെങ്കിൽ പോലും അതുപയോഗിക്കാൻ സാധാരണ സ്ത്രീകൾ തയാറാകുന്നില്ല എന്നത് ഗൗരവത്തോടെ നോക്കേണ്ടതാണ്. അത് കൊണ്ട് തന്നെ ഏതെങ്കിലും സ്ത്രീകൾ പരാതിപ്പെടാൻ തയാറാകുമ്പോൾ അത് വലിയ വാർത്തയാകും. ഇതിന് രണ്ട് വശങ്ങളുണ്ട്. ഒരു വശത്ത്, ഈ സ്ത്രീക്ക് കൂടുതൽ ഭീഷണിയും സമ്മർദ്ദവും അപമാനവുമൊക്കെ ഉണ്ടാകാം. അതെ സമയം തന്നെ ഇത് മറ്റുള്ളവർക്ക് പ്രേരണയാവുകയും ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകാത്തിടത്ത് അതുണ്ടാകാനുള്ള ത്വരകമാവുകയും ചെയ്യും. എന്നാൽ, ഈ സ്ത്രീകൾ അവരുടെ ജീവിതത്തിൽ എത്ര വലിയ വില കൊടുക്കേണ്ടി വരുന്നു എന്നുള്ളത് മറ്റുള്ള എല്ലാ സ്ത്രീകളും മനസ്സിലാക്കണം. ബഹുവിധമായ ആസന്നാപകടങ്ങളിലേക്ക് (vulnerability) വഴുതി കൊണ്ടിരിക്കുന്ന അവസ്ഥയിലായിരിക്കുമവർ. അവർക്ക് പരമാവധി പിന്തുണ അപ്പോൾ ആവശ്യമാണ്. പരാതിക്കാരുടെ സ്വാഭാവഹത്യ നടത്തുക എതിരാളികളുടെ സ്ഥിരം സ്വഭാവമാണ്. ഇവിടെ സമാനരായവരുടെ പിന്തുണ വളരെ വലുതാണ്. എല്ലാ സ്ത്രീപ്രസ്ഥാനങ്ങളും നിരുപാധികമായ പിന്തുണ നൽകുമ്പോൾ അത് സാമൂഹ്യ ബോധമായി പരിണമിക്കും. സാധാരണ നടത്തുന്ന ബോധവൽക്കരണത്തെക്കാൾ വലിയ മാറ്റം അതുണ്ടാക്കും.
വെല്ലുവിളികൾ പലതാണ്. ഇപ്പോഴത്തെ പുരുഷാധിപത്യവ്യവസ്ഥയോട് പൊരുത്തപ്പെട്ടാണ് സ്ത്രീകൾ അതിജീവനം നടത്തി കൊണ്ടിരിക്കുന്നത്. അതിനെതിരെ കലഹിച്ച് നിൽക്കുന്നത് ചുരുക്കം സ്ത്രീകൾ മാത്രമാണ്. പ്രിവിലേജുകൾ നഷ്ടപ്പെടുന്നതിനാൽ ഏതു തരത്തിലും ഇത് തടയാനുള്ള നീക്കങ്ങൾ അത് ലഭിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടാകും. ചിലർ അറിയാതെ തന്നെ ഈ മൂല്യബോധം ഉൾക്കൊള്ളുന്നവരാണ്. സ്ത്രീകൾ ഇഷ്ടപ്പെട്ടു കൊണ്ടാണ് വിധേയരാകുന്നതെന്ന് ചിന്തിക്കുന്നവരുമുണ്ട്. സ്ത്രീയുടെ താല്പര്യത്തോടെയുള്ള ലൈംഗിക ഇടപെടലുകളും, ചൂഷണവും തമ്മിൽ വേർ തിരിക്കാൻ പുരുഷാധിപത്യ കാഴ്ചക്ക് കഴിയുന്നില്ലെന്നത് വലിയ പരിമിതിയാണ്. ഈ കാഴ്ചയിൽ, സ്ത്രീകൾക്ക് പ്രത്യേകമായ ലൈംഗിക താൽപ്പര്യമില്ല. അവർ പുരുഷന്റെ ആവശ്യമനുസരിച്ച് സദാ സന്നദ്ധരാകണം. അല്ലെങ്കിൽ ഒരിക്കലും അങ്ങനെയാകാൻ പാടില്ല. ഈ ധാരണയൊക്കെ മാറാൻ നല്ല വിദ്യാഭ്യാസം ആവശ്യമാണ്. വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് എതിരെ നിൽക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്നത്. ഉയർന്ന പദവിയിലുള്ള സ്ത്രീകൾ പോലും മാനസികമായി തകർന്നു പോകുന്നത് കാണാം. സാമൂഹ്യമായി പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകളുടെ കാര്യത്തിൽ, അവർക്ക് ശബ്ദിക്കാനുള്ള അവസരം പോലും പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഓരോ സന്ദർഭവും തിരിച്ചറിഞ്ഞുള്ള, സവിശേഷമായ പ്രശ്നങ്ങളുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകി കൊണ്ട് സ്ത്രീപ്രസ്ഥാനം ഐക്യപ്പെടേണ്ടതുണ്ട്. ജാതി വ്യത്യാസങ്ങളില്ലാതെ അക്രമങ്ങളുണ്ടാകുമെങ്കിലും പ്രതികരിക്കുമ്പോൾ വ്യത്യാസങ്ങളുണ്ടാകും. ചിലരുടെ ശബ്ദം കൂടുതൽ ശ്രവിക്കപ്പെട്ടെന്നു വരും. അങ്ങനെ വരുമ്പോൾ കേൾക്കപ്പെടാത്തവരുടെ ശബ്‌ദം വേദികളിലെത്താൻ മറ്റുള്ളവർ ശ്രദ്ധിക്കണം. പൊതുലക്ഷ്യത്തിൽ ഉറച്ച് നിന്നുള്ള സംവാദങ്ങൾ ഫെമിനിസ്റ്റ് ധാർമ്മികത വളർത്തുകയും ദിശ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്രസ്ഥാനത്തിനുള്ളിൽ തന്നെ ജാതീയവും വർഗ്ഗപരവും ഒക്കെയായ വ്യത്യസ്തതകളെ പറ്റിയുള്ള ധാരണകൾ ഇന്ന് ഫെമിനിസ്റ് പ്രസ്ഥാനങ്ങൾക്കുണ്ട്. എന്നാലും നിരന്തരം ഇതേ പറ്റി ജാഗരൂകരായിരിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ സ്ഥലത്ത് പോയി അവരെ കേൾക്കാൻ കഴിയണം.
പരാതികൾ നല്കുന്നവർക്കും സംഘങ്ങൾക്കും ,വൈകാരികവും രാഷ്ട്രീയവുമായ ദീർഘകാലത്തെ നിരന്തരമായ പ്രവർത്തനം ആവശ്യമായി വരുന്നത് വലിയ വെല്ലുവിളിയാണ്. ഇതിനിടയിൽ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പലരും നേരിടുന്നു. സാമ്പത്തികമായ ആവശ്യവും വലിയ പ്രതിബന്ധമാണുണ്ടാക്കുന്നത്. ദീർഘ കാലം കൊണ്ട് നേടിയതെല്ലാം പ്രതിലോമകരമായ ചില നീക്കങ്ങളുടെ സന്ദർഭത്തിൽ പിന്നോട്ടടിക്കുകയും ചെയ്യാം. എല്ലാ വ്യത്യസ്തതകളെയും അംഗീകരിച്ചു കൊണ്ട് തന്നെ ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണിതൊക്കെ വിരൽ ചൂണ്ടുന്നത്. എല്ലാവരും ഒരു സംഘടനയിൽ തുടരേണ്ടതില്ല. മറ്റുള്ളവർ പറയുന്നത് പോലെ അത് ദൗർബ്ബല്യമോ പരാജയമോ അല്ല. അതെ സമയം, ഒരുമിച്ച് ശബ്ദിക്കേണ്ടിടത്ത് ഒരുമിച്ച് ശബ്ദിക്കണം. WCC യെ സംബന്ധിച്ച് ഒറ്റക്കുള്ള വ്യക്തികൾ, അതിനുള്ളിലുള്ളവർ, സമാനമായ മറ്റ് സംഘങ്ങളിലുള്ളവർ, മറ്റ് സ്ത്രീപ്രസ്ഥാനങ്ങൾ ഇതെല്ലാമായി ഹൃദയം കൊണ്ട് ഐക്യപ്പെടാൻ സാധിക്കേണ്ടതുണ്ട്. അങ്ങനെയാണെന്നാണ് അതിന്റെ വക്താക്കൾ എഴുതുന്നതിൽ നിന്ന് മനസ്സിലാകുന്നത്. വിവിധ സ്ഥലത്ത് നിന്ന് വ്യത്യസ്തമായ സ്വരങ്ങളുണ്ടാകുന്നത് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിയാണ്, ദൗർബ്ബല്യമല്ല. അധികാരം കേന്ദ്രീകരിക്കുന്ന സംസ്കാരത്തിലാണ് അത് നഷ്ടമായി അറിയുന്നത്. സ്വതന്ത്രരായ വ്യക്തികളുടെ കൂട്ടായ്മ അതിൽ നിന്ന് ഭിന്നമാണ്.
ഗവൺമെന്റുകൾ ബാദ്ധ്യസ്ഥമാകണം
നിയമത്തിന്റെ ഉദ്ദേശവും ഉള്ളടക്കവും വീണ്ടും വീണ്ടും അധികാരികൾ ബോദ്ധ്യപ്പടുകയും അതിന് ബാദ്ധ്യതപ്പെടുകയും വേണം. ആ ഉത്തരവാദിത്വം അധികാരികളെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതു വരെ, വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരും. 2013 നിയമം, അനുഛേദം 2 (പി) പത്ത് പേരിൽ കുറഞ്ഞ് തൊഴിലെടുക്കുന്ന സ്ത്രീകളെ, ഒറ്റക്കാണെങ്കിൽ പോലും നിയമപരിധിയിൽ കൊണ്ട് വന്നിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് വ്യത്യാസമുണ്ടെന്ന് മാത്രം. ഇന്ത്യയിൽ തൊഴിലെടുക്കുന്ന സ്ത്രീകളിൽ 95 ശതമാനവും അസംഘടിത മേഖലയിലാണെന്നുള്ളത് കൊണ്ട് തന്നെ എത്രയും വൈവിദ്ധ്യത്തോടെയാണ് ഈ നിയമം ഓരോ മേഖലയിലും പ്രവർത്തിപ്പിക്കേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. സാങ്കേതികതയെക്കാൾ അന്ത:സത്ത ചോർന്നു പോകാതെ പ്രയോഗിക്കുക എന്നത് മുൻ ഗണനയാകണം. അട്ടി മറിക്കാൻ അധികാരകേന്ദ്രങ്ങളുടെ ഇട പെടലുകളുണ്ടാകുമ്പോൾ അത് തടയാൻ പാകത്തിലുള്ള നിർദ്ദേശങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണം. പ്രതികർത്താവിൽ(Respondent) നിന്നും കൃത്യസമയത്ത് ഉത്തരം കിട്ടത്തക്ക വിധത്തിൽ ബാദ്ധ്യസ്ഥത(accountability) കൊണ്ട് വരണം. സ്ത്രീകൾ പരാതി നല്കുന്നില്ലെങ്കിൽ അതെന്തു കൊണ്ടാണെന്ന് കണ്ട് പിടിക്കുകയും ഇതിനെ പറ്റി തൊഴിൽ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തുകയും മനോഭാവം മാറുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും വേണം. ഓരോ കേസുകളിലും സംഭവിക്കുന്നത്, സാക്ഷികൾ ഘട്ടം ഘട്ടമായി കൂറ് മാറുന്നത്, പരാതിക്കാരി തന്നെ അത് പിന് വലിക്കുന്നത്, ഇവക്ക് കാരണമായ ചുറ്റുപാടുകൾ എല്ലാം പഠന വിധേയമാക്കണം. ഇത് സ്ത്രീകളിൽ ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദവും അത് മൂലമുണ്ടാകുന്ന പല വിധ നഷ്ടങ്ങളും പരിഗണിക്കണം. പുരുഷന്മാരുടെ സ്വഭാവം എന്ന രീതിയിൽ നിസ്സാരവൽക്കരിക്കുകയും സ്ത്രീകൾ തന്നെ അത് പിന്തുണക്കുകയും ചെയ്യുന്നത് കാണാറുണ്ട്. ചിലപ്പോൾ പരാതിപ്പെട്ടവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നതും കാണാം. ഇതെല്ലാം കമ്മിറ്റികൾ രേഖപ്പെടുത്തേണ്ടതും ഗവൺമെന്റുകൾ പരിശോധിക്കേണ്ടതുമാണ്.
സ്ത്രീകൾക്ക് അന്തസ്സോടെ തൊഴിലെടുക്കാനുള്ള അവകാശം ഇന്ന് അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ടതാണ്. അതുറപ്പാക്കാൻ ഗവണ്മെന്റുകൾക്ക് ഉത്തരവാദിത്വമുള്ളതിനോടൊപ്പം അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുമുണ്ട്. നിരീക്ഷിക്കാനും ജാഗ്രതയോടെയിരിക്കാനും ആവശ്യങ്ങൾ ഉയർത്താനും സംഘടനാരൂപവും നേതൃ സ്ഥാനത്ത് ആളുകളും വേണ്ടി വരും. അതിനുള്ള കഴിവും കരുത്തും നമ്മുടെ സ്ത്രീപ്രസ്ഥാനങ്ങൾക്കുണ്ട്. 2013-ലെ നിയമം അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കൂടി ബാധകമാകണമെന്നത് ഊന്നി പറയുന്നുണ്ട്,( സെക്ഷൻ 7). ഇതെങ്ങനെ നടപ്പാക്കുന്നു എന്ന് നോക്കാനുള്ള ബാദ്ധ്യത സ്റ്റേറ്റിനുണ്ട്. അതുറപ്പാക്കാൻ സ്ത്രീപ്രസ്ഥാനങ്ങൾ ശ്രമിക്കുകയും വേണം.
എല്ലായ്‌പോഴും എല്ലാ പ്രവർത്തനങ്ങളും ലക്ഷ്യത്തിലെത്തണമെന്നില്ല. അതിന്റെ അർത്ഥം പരാജയമല്ല. സാംസ്കാരികമാറ്റത്തിൽ എല്ലാ ഇടപടലുകളും അതെത്ര ചെറുതായാലും പോലും പങ്ക് ചേരുന്നുണ്ട്. നയപരമായ മാറ്റമായി അത് പ്രതിഫലിക്കുന്നത് അപൂർവ്വ സന്ദർഭങ്ങളിൽ മാത്രമായിരിക്കും. ദിശയിൽ നിന്ന് വ്യതിചലിക്കാതിരിക്കുക എന്നതും എല്ലാവരെയും ഉൾക്കൊള്ളിക്കുക എന്നതുമാണ് പ്രതിബദ്ധതയാണ് എണ്ണേണ്ടത്. വിവിധ തലങ്ങളിൽ തുടര്ച്ചയായി നടത്തുന്ന ഇടപെടലുകൾ മാത്രമാണ് ഗവൺമെന്റുകളെ ഉത്തരവാദിത്വത്തിലെത്തിക്കുന്നത്.
ഈ പശ്ചാത്തലം വച്ച് കൊണ്ട് സിനിമാമേഖലയിൽ തിരിച്ചറിഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകത്തിൽ അടിയന്തിരമായി കംപ്ലൈന്റ്സ് കമ്മിറ്റി രൂപീകരിക്കണം. സിനിമാ മേഖലയിൽ പരാതി പരിഹാര കമ്മിറ്റിയുണ്ടാകാൻ ഇനി ഒട്ടും വൈകിക്കൂടാ. ജസ്റ്റിസ് ഹേമ കമ്മീഷൻ അതിനുള്ള തുടക്കമാണെന്ന് കരുതുന്നു. ഈ രംഗത്തെ ധാരാളം സ്ത്രീകളുടെ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകണം. വിലപ്പെട്ട രേഖകൾ സ്ത്രീസംഘടനകളും ശേഖരിക്കണം. അതാണ് നിയമ മാറ്റത്തിനായി സമർപ്പിക്കാവുന്ന ശക്തമായ വക്കാലത്തുകൾ. വസ്തുതാപരമായ തെളിവുകളെ മറി കടന്നു പോകാൻ ആരെങ്കിലും തുനിഞ്ഞാൽ അത് ഭരണ ഘടനയോടും മൗലികാവകാശങ്ങളോടുമുള്ള നിന്ദയായിരിക്കും. വെൽഫെയർ ബോർഡിനോ ഒരു റെഗുലേറ്ററി ബോർഡിനോ അത് ചെയ്യാവുന്നതാണ്. അത് ഇന്ത്യൻ നിയമത്തോടും ഭരണഘടനയോടും അന്താരാഷ്‌ട്ര ഉടമ്പടികളോടും , അതിനെല്ലാമുപരി, ഈ മേഖലയിൽ ജോലി ചെയ്യുന്ന വിവിധ വിഭാഗം സ്ത്രീകളോടും പുലർത്തേണ്ട ധാർമ്മികതയും ഉത്തരവാദിത്വവുമാണ്. അത് നേടിയെടുക്കാൻ, WCC യോടൊപ്പം എല്ലാ സ്ത്രീപ്രസ്ഥാനങ്ങളുമുണ്ടാകണം. മറ്റെല്ലാ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കേണ്ട കടമ കൂടി പ്രസ്ഥാനങ്ങൾക്കുണ്ട്.

Dr ജയശ്രീ. ഏ. കെ – പ്രൊഫസര്‍, കമ്മ്യുണിറ്റി മെഡിസിന്‍, പരിയാരം മെഡിക്കല്‍ കോളേജ്. പഠനം. എം ബി ബിഎസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1985 എം. ഡി. കമ്മ്യുണിറ്റി മെഡിസിന്‍. ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ്. പൂനെ 1993 ഫെലോഷിപ്പ് ഇന്‍ ഒകഢ മെഡിസിന് 2002 പ്രവര്‍ത്തന മേഖല: പൊതുജനാരോഗ്യം, മാനസികാരോഗ്യം, ലൈംഗികാരോഗ്യം
Well said
LikeLike